റോം: രണ്ടാം ക്രിസ്തുവെന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭൗതികദേഹാവശിഷ്ടങ്ങൾ എട്ട് നൂറ്റാണ്ടിനുശേഷം പൊതുദർശനത്തിന് വയ്ക്കുന്നു. വിശുദ്ധന്റെ 800-ാം ചരമവാർഷികത്തോടനുബന്ധിച്ച് 2026 ഫെബ്രുവരി 22 മുതൽ മാർച്ച് 22 വരെയാണു ഭൗതികാവശിഷ്ടം തീർഥാടകർക്കും സന്ദർശകർക്കുമായി തുറന്നുകൊടുക്കുന്നത്.
വിശുദ്ധന്റെ തിരുനാൾദിനമായിരുന്ന കഴിഞ്ഞ നാലിന് ബസിലിക്കയിൽ നടന്ന ചടങ്ങിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ചടങ്ങിൽ അസീസിയിലെ ബസിലിക്കകളുടെ പേപ്പൽ പ്രതിനിധിയായ കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർടൈം, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഫ്രാൻസിസ്കൻ സന്യാസസമൂഹങ്ങളുടെ അധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.
അസീസിയിലെ സെന്റ് ഫ്രാൻസിസ് ബസിലിക്കയിലാണ് വിശുദ്ധന്റെ കല്ലറയുള്ളത്. ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ ഭൗതികാവശിഷ്ടം കല്ലറയിൽനിന്ന് ലോവർ ബസിലിക്കയിലെ പേപ്പൽ അൾത്താരയുടെ ചുവട്ടിലേക്ക് മാറ്റും. ഇതോടെ വിശ്വാസികൾക്ക് അതിനുമുന്നിൽ പ്രാർഥിക്കാൻ സാധിക്കും.
ഒരു മാസം നീണ്ടുനിൽക്കുന്ന പ്രദർശനം എല്ലാവർക്കും തുറന്ന പ്രാർഥനയുടെയും കൂടിക്കാഴ്ചയുടെയും നിമിഷമായിരിക്കുമെന്ന് സംഘാടകർ പറയുന്നു. ലോകമെങ്ങുമുള്ള തീർഥാടകരെ വരവേൽക്കാൻ അസീസിയിൽ വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
തീർഥാടകർ വലിയതോതിൽ എത്തുമെന്നതിനാൽ സൗജന്യ ഓൺലൈൻ റിസർവേഷനുകൾ ഒരുക്കാൻ ആലോചിക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങളോടെയുള്ള പാതയിലൂടെ എളുപ്പത്തിൽ എത്തിച്ചേർന്ന് ഭൗതികദേഹം വണങ്ങാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. 1226ലായിരുന്നു വിശുദ്ധന്റെ മരണം.
രാജ്യത്തിന്റെ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനം ഇറ്റലിയിൽ വീണ്ടും പൊതു അവധിദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.